01:26am 13 July 2026
NEWS
ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി
12/07/2026  01:18 PM IST
NILA
ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി

 

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ചിരുന്ന ഇന്ത്യൻ ജീവനക്കാരുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നു. സംഭവത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായതായും മറ്റ് പത്ത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

സൈപ്രസ് പതാകയുള്ള ജിഎഫ്എക്‌സ് ഗാലക്‌സി എന്ന ചരക്കുകപ്പലിലാണ് 11 ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കാണാതായ നാവികനായി തിരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതായും ഒമാൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു. രക്ഷാദൗത്യത്തിൽ സഹകരിക്കുന്ന ഒമാൻ സർക്കാരിന് നന്ദിയും രേഖപ്പെടുത്തി.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. വെടിനിർത്തൽ കരാറിൽ നിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ ഇറാൻ ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. യുഎഇയിൽ പ്രാദേശിക സമയം രാവിലെ ആറുമണിയോടെയായിരുന്നു ആക്രമണം.

ഖത്തറിൽ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും, അതിൽ ഒരു കുഞ്ഞ് ഉൾപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമാനിലെ മുസണ്ടം ഗവർണറേറ്റിലും ഡ്രോൺ ആക്രമണം നടന്നതായി ഒമാൻ സ്ഥിരീകരിച്ചു.

കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, വെടിമരുന്ന് ശാല, യുഎസ് റഡാർ കേന്ദ്രം എന്നിവ ആക്രമണത്തിൽ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ തങ്ങളുടെ ആകാശപരിധിയിലേക്ക് എത്തിയ മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തതായും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img